Month: ഫെബ്രുവരി 2021

പാടുവാന്‍ ഓര്‍മ്മിക്കുക

വിരമിച്ച ഓപ്പറ ഗായികയായ നാന്‍സി ഗസ്റ്റാഫ്‌സണ്‍ തന്റെ അമ്മയെ സന്ദര്‍ശിച്ച സമയത്ത് അവര്‍ മറവിരോഗത്തിനടിമയായെന്നറിഞ്ഞ് ഏറെ ദുഃഖിച്ചു. അവളുടെ അമ്മ അവളെ തിരിച്ചറിഞ്ഞില്ല, സംസാരിച്ചുമില്ല. നിരവധി പ്രതിമാസ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം, നാന്‍സിക്ക് ഒരു ആശയം ഉണ്ടായി. അവള്‍ മമ്മിയുടെ അടുത്തിരുന്നു പാടാന്‍ തുടങ്ങി. സംഗീത ശ്രവണത്തില്‍ അമ്മയുടെ കണ്ണുകള്‍ തിളങ്ങി, അവളും പാടാന്‍ തുടങ്ങി ഇരുപത് മിനിറ്റ്! അപ്പോള്‍ നാന്‍സിയുടെ അമ്മ ചിരിച്ചു, അവര്‍ 'ഗസ്റ്റാഫ്‌സണ്‍ കുടുംബ ഗായകര്‍!'' എന്നു തമാശ പറഞ്ഞു. ഈ നാടകീയമായ മാറ്റം ചില തെറാപ്പിസ്റ്റുകള്‍ നിഗമനം ചെയ്യുന്നതുപോലെ, നഷ്ടപ്പെട്ട ഓര്‍മ്മകളെ തിരികെക്കൊണ്ടുവരാനുള്ള സംഗീതത്തിന്റെ ശക്തിയുടെ തെളിവായിരുന്നു. 'പഴയ ഇഷ്ടഗാനങ്ങള്‍' പാടുന്നത് മാനസികാവസ്ഥ പ്രസന്നമാക്കുന്നതിനും വീഴ്ച കുറയ്ക്കുന്നതിനും എമര്‍ജന്‍സി റൂമിലേക്കുള്ള സന്ദര്‍ശനം കുറയ്ക്കുന്നതിനും മയക്കമരുന്നാസക്തി കുറയ്ക്കുന്നതിനും സഹായിക്കുന്നു.

സംഗീതവും ഓര്‍മ്മശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നിരുന്നാലും, ബൈബിള്‍ വെളിപ്പെടുത്തുന്നതുപോലെ, ആലാപനത്തില്‍ നിന്നുള്ള സന്തോഷം ദൈവത്തില്‍ നിന്നുള്ള ഒരു ദാനമാണ് - അത് യഥാര്‍ത്ഥമാണ്. 'നമ്മുടെ ദൈവത്തിനു കീര്‍ത്തനം പാടുന്നത് നല്ലത്; അതു മനോഹരവും സ്തുതി ഉചിതവും തന്നേ!' (സങ്കീര്‍ത്തനം 147:1).

തിരുവെഴുത്തുകളിലുടനീളം, ദൈവത്തെ സ്തുതിക്കുന്ന ഗാനങ്ങള്‍ ശബ്ദമുയര്‍ത്തി പാടുവാന്‍ ദൈവജനത്തെ പ്രേരിപ്പിക്കുന്നു. 'യഹോവയ്ക്കു കീര്‍ത്തനം ചെയ്യുവിന്‍; അവന്‍ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു'' (യെശയ്യാവ് 12:5). 'അവന്‍ എന്റെ വായില്‍ പുതിയൊരു പാട്ടു തന്നു, നമ്മുടെ ദൈവത്തിനു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയില്‍ ആശ്രയിക്കും'' (സങ്കീ. 40:3). നമ്മുടെ ആലാപനം നമ്മെ മാത്രമല്ല അത് കേള്‍ക്കുന്നവരെയും പ്രചോദിപ്പിക്കുന്നു. നമ്മുടെ ദൈവം വലിയവനും സ്തുതിക്കു യോഗ്യനുമാണ് എന്നു നമുക്കെല്ലാവര്‍ക്കും ഓര്‍ക്കാം.

ഗതികെട്ട പരിഹാരങ്ങള്‍

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ഓറഞ്ചിലെ വില്യം മനഃപൂര്‍വ്വം തന്റെ രാജ്യത്തിന്റെ ഭൂരിഭാഗവും വെള്ളപ്പൊക്കത്തില്‍ മുക്കി. അതിക്രമിച്ചു കടന്ന സ്‌പെയിനിന്റെ സൈന്യത്തെ തുരത്താനുള്ള ശ്രമത്തിലാണ് ഡച്ച് രാജാവ് ഇത്രയും കടുത്ത നടപടി സ്വീകരിച്ചത്. അതു ഫലവത്തായില്ലെന്നു മാത്രമല്ല, മികച്ച കൃഷിസ്ഥലങ്ങളുടെ വലിയൊരു ഭാഗം കടലില്‍ നഷ്ടപ്പെടുകയും ചെയ്തു. 'ഗതികെട്ട സമയങ്ങള്‍ ഗതികെട്ട നടപടികള്‍ ആവശ്യപ്പെടുന്നു,'' അവര്‍ പറയുന്നു.

യെശയ്യാവിന്റെ കാലത്ത്, അശ്ശൂര്‍ സൈന്യം ഭീഷണിപ്പെടുത്തിയപ്പോള്‍ യെരൂശലേം ഗതികെട്ട നടപടികളിലേക്ക് തിരിഞ്ഞു. ഉപരോധത്തെ നേരിടാന്‍ ജലസംഭരണ സംവിധാനം സൃഷ്ടിക്കുകയും ജനങ്ങള്‍ വീടുകള്‍ ഇടിച്ചുകളഞ്ഞ് മതിലുകള്‍ പണിതുയര്‍ത്തുകയും ചെയ്തു. അത്തരം തന്ത്രങ്ങള്‍ വിവേകപൂര്‍വ്വം ആയിരിക്കാം, പക്ഷേ അവര്‍ ഏറ്റവും പ്രധാനപ്പെട്ട നടപടിയെ അവഗണിച്ചു. 'പഴയ കുളത്തിലെ വെള്ളം സൂക്ഷിക്കുവാന്‍ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്ക് നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓര്‍ത്തതുമില്ല' (യെശയ്യാവ് 22:11).

ഇന്ന് നമ്മുടെ വീടുകള്‍ക്ക് പുറത്ത് അക്ഷരാര്‍ത്ഥത്തില്‍ ഒരു സൈന്യത്തെ നാം നേരിടാന്‍ സാധ്യതയില്ല. 'പോരാട്ടം എപ്പോഴും കടന്നുവരുന്നത് സാധാരണ വഴികളില്‍ സാധാരണ ആളുകളിലൂടെയായിരിക്കും' ഓസ്വാള്‍ഡ് ചേംബേഴ്‌സ് പറഞ്ഞു. എന്നിരുന്നാലും, അത്തരം 'ആക്രമണങ്ങള്‍' യഥാര്‍ത്ഥ ഭീഷണികള്‍ തന്നെയാണ്. നന്ദിയോടെ, നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ക്കായി ആദ്യം അവനിലേക്ക് തിരിയാനുള്ള ദൈവത്തിന്റെ ക്ഷണവും അവ കൊണ്ടുവരുന്നു എന്നതില്‍ നമുക്കു നന്ദിയുള്ളവരാകാം.

ജീവിതത്തിലെ അസ്വസ്ഥതകളും തടസ്സങ്ങളും വരുമ്പോള്‍, അവ ദൈവത്തിലേക്ക് തിരിയാനുള്ള അവസരങ്ങളായി നാം കാണുമോ? അതോ നമ്മുടെ സ്വന്തം ഗതികെട്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുമോ?

വ്യത്യസ്തമായി ചിന്തിക്കുക

കോളേജ് പഠനകാലത്ത്, ഒരു വേനല്‍ക്കാലത്തിന്റെ നല്ലൊരു ഭാഗം ഞാന്‍ വെനസ്വേലയില്‍ ചെലവഴിച്ചു. ഭക്ഷണം അമ്പരപ്പിക്കുന്നതായിരുന്നു, ആളുകള്‍ പ്രസന്നവദനരായിരുന്നു, കാലാവസ്ഥയും ആതിഥ്യമര്യാദയും മനോഹരമായിരുന്നു. എന്നിരുന്നാലും, ആദ്യത്തെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍, സമയ മാനേജുമെന്റിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ എന്റെ പുതിയ സുഹൃത്തുക്കള്‍ പങ്കിടുന്നില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നെങ്കില്‍, അത് ഉച്ചയ്ക്ക് 12:00 നും 1:00 നും ഇടയില്‍ എപ്പോഴെങ്കിലും ആയിരിക്കും. മീറ്റിംഗുകളുടെയും യാത്രകളുടെയും കാര്യവും സമാനമായിരുന്നു: സമയ ചട്ടക്കൂടുകള്‍ കൃത്യമായ നിഷ്ഠയില്ലാതെ ഏകദേശ കണക്കുകളായിരുന്നു. 'കൃത്യസമയത്ത്'' എന്ന എന്റെ ആശയം ഞാന്‍ മനസ്സിലാക്കിയതിനെക്കാള്‍ വ്യത്യസ്തമായി സാംസ്‌കാരികമായി രൂപപ്പെട്ടതാണെന്ന് ഞാന്‍ ഗ്രഹിച്ചു.

നമ്മളെല്ലാവരും നാം അറിയാതെ തന്നേ നമുക്കു ചുറ്റുമുള്ള സാംസ്‌കാരിക മൂല്യങ്ങളാല്‍ രൂപപ്പെട്ടവരാണ്. പൗലൊസ് ഈ സാംസ്‌കാരിക ശക്തിയെ 'ലോകം'' എന്ന് വിളിക്കുന്നു (റോമര്‍ 12:2). ഇവിടെ, 'ലോകം'' എന്നത് ഭൗതിക പ്രപഞ്ചത്തെ അര്‍ത്ഥമാക്കുന്നില്ല, മറിച്ച് നമ്മുടെ അസ്തിത്വത്തെ ബാധിക്കുന്ന ചിന്താരീതികളെയാണ് സൂചിപ്പിക്കുന്നത്. ചോദ്യം ചെയ്യപ്പെടാത്ത അനുമാനങ്ങളെയും മാര്‍ഗനിര്‍ദ്ദേശ ആശയങ്ങളെയും ഇത് സൂചിപ്പിക്കുന്നു, കാരണം നാം ഒരു പ്രത്യേക സ്ഥലത്തും സമയത്തിലും താമസിക്കുന്നു.

'ഈ ലോകത്തോട് അനുരൂപരാകുന്നതിനെതിരെ' ജാഗരൂകരാകുവാന്‍ പൗലൊസ് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. പകരം, 'നാം മനസ്സ് പുതുക്കി രൂപാന്തരപ്പെടണം'' (വാ. 2). നമ്മെ വിഴുങ്ങിക്കളയുന്ന ചിന്താരീതികളെയും വിശ്വാസങ്ങളെയും നിഷ്‌ക്രിയരായി സ്വീകരിക്കുന്നതിനു പകരം ദൈവിക ചിന്താരീതികളെ ക്രിയാത്മകമായി സ്വീകരിക്കുകയും 'നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം (വാ. 2) എങ്ങനെ മനസ്സിലാക്കാമെന്നു പഠിക്കുകയും ചെയ്യാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. മറ്റെല്ലാ ശബ്ദത്തേക്കാളും ഉപരിയായി ദൈവത്തെ അനുഗമിക്കാന്‍ നമുക്കു പഠിക്കാം.

തനിപ്പകര്‍പ്പായ ചിത്രം

ഒരു വിനോദയാത്രയ്ക്കിടെ, എന്റെ ഭര്‍ത്താവിന്റെ കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ അറിയുന്ന ഒരു സ്ത്രീയെ ഞങ്ങള്‍ കണ്ടുമുട്ടി. അവര്‍ അലനില്‍ നിന്ന് ദൃഷ്ടി മാറ്റി ഞങ്ങളുടെ മകന്‍ സേവ്യറിനെ നോക്കി. 'അവന്‍ അവന്റെ ഡാഡിയുടെ തനിപ്പകര്‍പ്പാണ്,' അവര്‍ പറഞ്ഞു. 'ആ കണ്ണുകള്‍. ആ പുഞ്ചിരി. അവനെപ്പോലെ തോന്നുന്നു.' പിതാവും മകനും തമ്മിലുള്ള ശക്തമായ സാമ്യം അംഗീകരിക്കുന്നതില്‍ ആ സ്ത്രീ സന്തോഷിച്ചപ്പോള്‍, അവരുടെ വ്യക്തിത്വങ്ങളിലെ സമാനതകള്‍ പോലും അവര്‍ ശ്രദ്ധിച്ചു. എങ്കിലും, അവര്‍ പലവിധത്തില്‍ ഒരുപോലെയാണെങ്കിലും, എന്റെ മകന്‍ പിതാവിനെ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്നില്ല.

പിതാവിനെ പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്ന ഒരു പുത്രന്‍ യേശു മാത്രമേയുള്ളൂ. ക്രിസ്തു 'അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സര്‍വ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു'' (കൊലൊസ്യര്‍ 1:15). അവനിലും അവനിലൂടെയും അവനുവേണ്ടിയും എല്ലാം സൃഷ്ടിക്കപ്പെട്ടു (വാ. 16). 'അവന്‍ സര്‍വ്വത്തിനും മുമ്പെയുള്ളവന്‍; അവന്‍ സകലത്തിനും ആധാരമായിരിക്കുന്നു'' (വാ. 17).

ജഡത്തില്‍ വെളിപ്പെട്ട ദൈവമായ യേശുവിനെ നോക്കിക്കൊണ്ട് പിതാവിന്റെ സ്വഭാവം കണ്ടെത്തുന്നതിനായി നമുക്ക് പ്രാര്‍ത്ഥനയിലും ബൈബിള്‍ പഠനത്തിലും സമയം ചെലവഴിക്കാന്‍ കഴിയും. തിരുവെഴുത്തിലും നമ്മുടെ ദൈനംദിന ജീവിതത്തിലും മറ്റുള്ളവരുമായി എങ്ങനെ ഇടപഴകുന്നുവെന്ന് പരിശോധിച്ചുകൊണ്ട് അവിടുത്തെ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കാന്‍ അവന്‍ നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിക്കുകയും പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിക്കുകയും ചെയ്ത ശേഷം, നമ്മുടെ സ്‌നേഹവാനായ പിതാവിനെ അറിയുന്നതിലും വിശ്വസിക്കുന്നതിലും നമുക്ക് വളരാന്‍ കഴിയും. നമുക്ക് അവനുവേണ്ടി ജീവിക്കാന്‍ കഴിയേണ്ടതിന് അവന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്നതിനായി അവന്‍ നമ്മെ രൂപാന്തരപ്പെടുത്തുന്നു.

നാം യേശുവിനെപ്പോലെയാണെന്ന് മറ്റുള്ളവര്‍ക്ക് പറയാന്‍ കഴിയുമെങ്കില്‍ അതെത്ര സന്തോഷമായിരിക്കും!

ഒരു എസ്ഒഎസ് സന്ദേശം അയയ്ക്കുക

അലാസ്‌കയിലെ ഒരു പര്‍വതപ്രദേശത്തുള്ള ഒരു കുടിയേറ്റക്കാരന്റെ കുടിലിനു തീപിടിച്ചപ്പോള്‍, യുഎസിലെ ഏറ്റവും തണുപ്പുള്ള ആ സംസ്ഥാനത്ത് അഭയമില്ലാതെയും മതിയായ വിഭവങ്ങളില്ലാതെയും - കഠിനമായ കാലാവസ്ഥയില്‍ - ശീതകാലത്തിന്റെ മധ്യത്തില്‍ അയാള്‍ ഒറ്റപ്പെട്ടു. മൂന്നാഴ്ചയ്ക്കുശേഷം, ആ സ്ഥലത്തുകൂടി പറന്ന ഒരു വിമാനം അയാളെ രക്ഷപ്പെടുത്തി - മഞ്ഞില്‍ കരിപ്പൊടി ഉപയോഗിച്ച് അയാള്‍ എഴുതിയ ഒരു വലിയ എസ്ഒഎസ് പൈലറ്റിന്റെ ശ്രദ്ധയില്‍ പെടുകയാണുണ്ടായത്.

സങ്കീര്‍ത്തനക്കാരനായ ദാവീദ് തീര്‍ച്ചയായും ദുരിതത്തിലായിരുന്നു. അസൂയാലുവായ ശൗല്‍ രാജാവ് അവനെ കൊല്ലുവാനായി വേട്ടയാടിക്കൊണ്ടിരുന്നു. അങ്ങനെ അവന്‍ ഗത്ത് നഗരത്തിലേക്ക് ഓടിപ്പോയി, അവിടെ തന്റെ ജീവന്‍ രക്ഷിക്കാനായി ഭ്രാന്തനാണെന്ന് നടിച്ചു (1 ശമൂവേല്‍ 21 കാണുക). ഈ സംഭവങ്ങളില്‍ നിന്നാണ് 34-ാം സങ്കീര്‍ത്തനം ഉണ്ടായത്. അവിടെവെച്ച് ദാവീദ് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും സമാധാനം കണ്ടെത്തുകയും ചെയ്തു (വാ. 4, 6). ദൈവം അവന്റെ അപേക്ഷ കേട്ട് അവനെ വിടുവിച്ചു.

നിങ്ങള്‍ നിരാശാജനകമായ ഒരു അവസ്ഥയില്‍ സഹായത്തിനായി ദൈവത്തോടു നിലവിളിക്കുകയാണോ? ഇന്നും നമ്മുടെ നിരാശാജനകമായ പ്രാര്‍ത്ഥനകള്‍ ദൈവം ശ്രദ്ധിക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പുള്ളവരായിരിക്കുക. ദാവീദിന്റെ കാര്യത്തിലെന്നപോലെ, അവന്‍ നമ്മുടെ നിലവിളി ശ്രദ്ധിക്കുകയും നമ്മുടെ ഭയം അകറ്റുകയും ചെയ്യുന്നു (വാ. 4) - ചിലപ്പോള്‍ 'സകല കഷ്ടങ്ങളില്‍നിന്നും' നമ്മെ രക്ഷിക്കുകയും ചെയ്യുന്നു (വാ. 6).

'നിന്റെ ഭാരം യഹോവയുടെമേല്‍ വച്ചുകൊള്ളുക; അവന്‍ നിന്നെ പുലര്‍ത്തും'' എന്നു തിരുവചനം നമ്മെ ക്ഷണിക്കുന്നു (സങ്കീര്‍ത്തനം 55:22). നമ്മുടെ വിഷമകരമായ സാഹചര്യങ്ങളെ ദൈവത്തിലേക്ക് കൊണ്ടുവരുമ്പോള്‍, നമുക്ക് ആവശ്യമായ സഹായം അവിടുന്ന് നല്‍കുമെന്ന് നമുക്ക് വിശ്വസിക്കാം. അവന്റെ കഴിവുള്ള കൈകളില്‍ നാം സുരക്ഷിതരാണ്.